
ചെങ്ങന്നൂർ: വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മുതവഴി പള്ളിയോടം പമ്പാനദിയിലെ ഓളപ്പരപ്പിൽ നിരണിഞ്ഞു. പള്ളിയോട കരക്കാർ രാവിലെ ദേശദേവൻ കുടികൊള്ളുന്ന മുതവഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി. തുടർന്ന് വഞ്ചിപ്പാട്ടും പാടി ഘോഷയാത്രയായാണ് മാലിപ്പുരയിലെത്തിയത്. രാവിലെ പതിനൊന്നോടെ പള്ളിയോടം നീരണിഞ്ഞു. ചടങ്ങുകൾക്ക് 1723-ാം നമ്പർ മുതവഴി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എം.വി. വിജയകുമാർ, സെക്രട്ടറി രാജേഷ് പി. നായർ , പള്ളിയോട പ്രതിനിധികളായ എം.വി.ഗോപകുമാർ , ബി. കൃഷ്ണകുമാർ, ക്യാപ്റ്റൻ സതീഷ് കുമാർ എന്നിവർ നേതൃത്വം നല്കി. 2019 ൽ ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പുത്തൻ പള്ളിയോടം നിർമ്മിച്ച് നീറ്റിലിറക്കിയത്. ആറന്മുള പള്ളിയോടങ്ങളിൽ 'ബി' ബാച്ചിൽ പെടുന്നപള്ളിയോടത്തിന് നാൽപ്പത്തി ഒന്നേകാൽ കോൽ നീളവും, 60 അംഗുലം ഉടമയും, 16 അടി അമരപ്പൊക്കവുമുണ്ട്. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ, വള്ളസദ്യ വഴിപാടുകൾ, ഉതൃട്ടാതി ജലമേള, ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവം എന്നിവയിൽ പള്ളിയോടം പങ്കെടുക്കും. ഞായറാഴ്ച പള്ളിയോടം ആറന്മുളയ്ക്ക് യാത്ര തിരിക്കും.











